എന്റെ ബ്ലോഗാത്മകഥ (വാര്‍ഷികപോസ്റ്റ്)

>> Thursday, January 31, 2008

2005 ല്‍ സൌദിയില്‍നിനും ദുബായിയിലെത്തിയതിനു ശേഷം എന്റെ ഇ-മെയില്‍ ഇന്‍ബോക്സില്‍ എന്നും മുടങ്ങാതെ ഒരു മെയില്‍ കിട്ടിയിരുന്നു. സൌദിയിലെ ദമാമിലുള്ള എന്റെ സ്നേഹിതന്‍ ജിജിയുടെ മെയില്‍. അതിനെല്ലാം ഓരോ മറുപടിയും തിരികെ ഞാനെഴുതിയിരുന്നു. ഇവിടെയും അവിടെയും നടക്കുന്ന കൊച്ചുകൊച്ചു വിശേഷങ്ങളും കഥകളും ചിന്തകളുമൊക്കെ അടങ്ങുന്നതായിരുന്നു ആ സന്ദേശങ്ങളോരോന്നും. 2006 ന്റെ അവസാനമാസങ്ങളില്‍ ജിജി ഇന്റര്‍നെറ്റില്‍നിന്നും ഒരു പുതിയ “സംഭവം” പരിചയപ്പെടുത്തിത്തന്നു - ബ്ലോഗ് . ബ്ലോഗും ബ്ലോഗറും...ആകെ വല്ലാത്ത പേരുകള്‍. എനിക്കു തീരെ പിടിച്ചില്ല. ദിവസങ്ങള്‍ കഴിയുന്തോറൂം ജിജിയുടെ മെയിലുകളിലെ വിഷയങ്ങള്‍ ഈ വിചിത്രസാധനത്തില്‍ വരുന്ന ഓരോ ലേഖനങ്ങളെപ്പറ്റിയായി. പലപ്പോഴും ബ്ലോഗില്‍ നിന്നും കോപ്പിചെയ്തെടുത്ത ചില പാരഗ്രാഫുകളും അതിലുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഓരോ ലിങ്കുകളും.

മെയിലിലേക്ക് നോക്കിയാലോ? ഛേ.. എന്തൊരു വൃത്തികേടായ മലയാളം ടൈപ്പിംഗ്! ചില്ലുകളും കൂട്ടക്ഷരങ്ങളുമില്ലാത്ത കുറേ വട്ടങ്ങളും സര്‍വ്വത്ര ചന്ദ്രക്കലകളും നിറഞ്ഞ കുറേ ടെക്സ്റ്റ്. എനിക്കതു വായിക്കാനേ തോന്നിയില്ല. അവസാനം സഹികെട്ട് ഞാനിങ്ങനെ എഴുതി... “Mash, please don't send me this awkward text anymore. I am not interested".

ഇത്രയുമായിട്ടും ജിജിക്ക് പിടികിട്ടിയില്ല, എന്റെ കമ്പ്യൂട്ടറില്‍ അഞ്ജലി ഓള്‍ഡ് ലിപിയും മലയാളം യൂണിക്കോഡും സെറ്റ് ചെയ്യാത്തതിനാലാണ് എനിക്ക് നേരെചൊവ്വേ വായിക്കാന്‍ സാധിക്കാത്തത് എന്ന്. അങ്ങനെയിരിക്കേ “ഇതൊന്നു വായിച്ചുനോക്കൂ” എന്നു പറഞ്ഞ് തമനു എഴുതിയ “കാമധേനുവും കമ്പൈസും” എന്ന ഹാസ്യലേഖനത്തിന്റെ ഒരു പിഡി‌എഫ് കോപ്പി ഒരു ദിവസം ജിജിയുടെ മെയിലില്‍ അറ്റാച്ച്മെന്റായി വന്നു. തമന്‍(ഉ)... എന്തൊരു തലതിരിഞ്ഞപേര്? ഏതായാലും ഫോണ്ടുകളൊക്കെ കറക്റ്റായിരുന്നതിനാല്‍ ഞാന്‍ വായന ആരംഭിച്ചു. വരികള്‍ പിന്നിടുംതോറും എന്റെ താല്പര്യവും വര്‍ദ്ധിച്ചു. ചിലപ്പോഴൊക്കെ ചിരിയടക്കാന്‍ വയ്യാതായി. അവസാനമെത്തിയപ്പോള്‍ കുറേ കമന്റുകള്‍! ഇതെന്തു സാധനം? ഒരാളെഴുതുന്നു...മറ്റുപലരും വായിച്ച് അഭിപ്രായം പറയുന്നു. ലേഖകന്‍ വീണ്ടും അതിനു മറുപടിപറയുന്നു..ആകെ രസം..... ഈ ബ്ലോഗ് എന്ന സംഭവം കൊള്ളാം. ഞാന്‍ മനസ്സില്‍ വിചാരിച്ചു.

ആദ്യമൊക്കെ ജിജിയെയും ബ്ലോഗിനേയും ചീത്തപറഞ്ഞിട്ട് ഇനിയങ്ങോട്ട് പോയി ചോദിക്കുന്നതു മോശമല്ലേ. നേരെ ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്‍ ഞെക്കി. ബ്ലോഗര്‍ എന്നു ടൈപ്പുചെയ്തു. ബാക്കിയൊക്കെ വായിച്ചു മനസ്സിലാക്കി. ഇനി ഒരു ബ്ലോഗ് തുറക്കുകതന്നെ. റെജിസ്ട്രേഷന്‍ സ്ക്രീനിലേക്കു പോയി. പേര് ......... ? ങാ. അപ്പു.. അപ്പോള്‍ മനസ്സില്‍ വന്നത് അതാണ്. കിടക്കട്ടെ. ബ്ലോഗ് യൂ.ആറ്.എല്‍... ഇതെന്തു കുന്തമാണാവോ? കൂടുതല്‍ ആലോചിക്കാതെ അപ്പൂന്റെ ലോകം...എന്നും റ്റൈപ്പ് ചെയ്തുവിട്ടു. ബാക്കി പരിപാടികളൊക്കെ മനോധര്‍മ്മം പോലെ ചെയ്തു. അങ്ങനെ മനസ്സറിയാതെ എനിക്കൊരു ബ്ലോഗ് ഉണ്ടായി - അപ്പൂന്റെ ലോകം!

ഇതിനിടയില്‍ തമനുവിന്റെ ഇ-മെയില്‍ ഐ.ഡി കണ്ടുപിടിച്ച് ബ്ലോഗിനെപ്പറ്റിയും പോസ്റ്റിനെപ്പറ്റിയും അന്നത്തെ പിന്മൊഴിയെപ്പറ്റിയുമൊക്കെ ചോദിച്ച് മനസ്സിലാക്കി. അദ്ദേഹം അതെല്ലാം സന്തൊഷത്തോടെ പറഞ്ഞുതരികയും ചെയ്തു. വക്കാരിമാഷുടെ എങ്ങനെ മലയാളത്തില്‍ ബ്ലോഗാം എന്ന ലേഖനം വായിച്ച് ഞാന്‍ ത്രില്ലടിച്ചു!

ഇനി എന്തെങ്കിലും ഒന്നു പോസ്റ്റണമല്ലോ. വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എടുത്ത കുറേ ഫോട്ടോകള്‍ കമ്പ്യൂട്ടറിലുണ്ട്. അതില്‍ ചിലതൊന്നു പോസ്റ്റി നോക്കാം. 2007 ജനുവരി 31. പിച്ചവെച്ചുനടക്കുന്ന കുഞ്ഞിനെപ്പോലെ NEW POST എന്ന ഐക്കണും ഞെക്കി അഞ്ചു ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തു. എന്റെ ഗ്രാമക്കാഴ്ചകള്‍ എന്ന പേരില്‍. അതില്‍ മൂന്നാമത്തെ പടം ഇതായിരുന്നു.




“പുതിയബ്ലോഗറാണേ. ഇതിലേ പോകുന്നവര്‍ ഇവിടെയും ഒന്നു കയറിയേച്ചുപോണേ”

എന്നൊരു കമന്റും എഴുതിയിട്ട് കാത്തിരുപ്പായി. അരമണിക്കൂറ് കഴിഞ്ഞപ്പോള്‍ കുവൈറ്റിലുള്ള ശാലിനി എന്ന ബ്ലൊഗര്‍ വന്ന്

“എല്ലാ ഫോട്ടോകളും നന്നായി. മൂന്നാമത്തെ, ആ ചെറിയ അരുവിയുടെ ഫോട്ടൊ കൂടുതല്‍ ഇഷ്ടമായി. അവിടെ ഇറങ്ങി കൈയ്യും കാലും മുഖവും ഒന്നു കഴുകാന്‍ തോന്നുന്നു.“
എന്നൊരു കമന്റിട്ടേച്ച് പോയി. ഓ... എന്തൊരു സന്തോഷം! ജീവിതത്തിലാദ്യമായി, ഇന്റര്‍നെറ്റുവഴി പബ്ലിഷ് ചെയ്ത, ഞാനെടുത്ത ഒരു സാദാ ഫോട്ടോ കണ്ട് ഒരാള്‍ സന്തോഷം അറിയിച്ചിരിക്കുന്നു! അതിനുശേഷം വേറെയും കുറേ കമന്റുകളും സ്വാഗതങ്ങളും ! ഇന്നുവരെ ഞാനും എനിക്കേറ്റവും അടുത്തുള്ളവരും മാത്രം കണ്ടിരുന്ന ഫോട്ടോകളൊക്കെ - നല്ലതോ മോശമോ ആയിക്കോട്ടെ- പബ്ലിഷ് ചെയ്യാനൊരിടം കിട്ടിയിരിക്കുന്നു. വളരെ സന്തോഷം തോന്നി.


അടുത്ത മെയിലില്‍ത്തന്നെ അപ്പൂന്റെലോകത്തിന്റെ ലിങ്ക് അയച്ചുകൊടുത്ത് ജിജിയെ ഞാന്‍ ശരിക്കും ഞെട്ടിച്ചു. ഒരു ബ്ലോഗ് വിരോധികൂടി ബ്ലോഗറായിമാറിയിരിക്കുന്നു! എന്നാല്‍ അന്നുതന്നെ എന്നെ അറിയിക്കാതെ “മറ്റൊരാള്‍” എന്നപേരില്‍ ബ്ലോഗ് ആരംഭിച്ച് ജിജി പകരംവീട്ടുകതന്നെ ചെയ്തു എന്നത് മറ്റൊരു കഥ.


അന്നൊക്കെ ബ്ലോഗ് എന്നാല്‍ തമാശയെഴുത്ത് എന്നൊരു ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്. അതിനാല്‍ ഞാനും ആ വഴിക്കുതന്നെ പോയി. ആദ്യമായി സൈക്കിള്‍ പഠിച്ചപ്പോള്‍ വീണതും, വീണസൈക്കിളില്‍ പശുവിന്റെ കയര്‍ കുരുങ്ങി അത് സൈക്കിളുമായി ഓടിയതും ഞാന്‍ ബ്ലോഗില്‍ അവതരിപ്പിച്ചതോടെ എന്റെ സ്റ്റോക്ക് തീര്‍ന്നു, തമാശയില്‍.പിന്നെ എന്തു പോസ്റ്റും എന്ന ചിന്തയിലായി ഞാന്‍.


ഫോട്ടോകള്‍ പലരും അക്കാലത്തും പോസ്റ്റുന്നുണ്ടായിരുന്നെങ്കിലും ഫോട്ടോഫീച്ചര്‍, സചിത്രലേഖനം ഇതൊന്നും അത്ര പ്രചാരത്തിലില്ലായിരുന്നു. എനിക്കൊരു ഐഡിയതോന്നി. ദുബായിയിലെ കാ‍ഴ്ച്ചകള്‍ പുറം‌ലോകത്തിന് ഒന്നു കാണിച്ചുകൊടുത്താലോ? ദുബായ് ക്രീക്ക് പാര്‍ക്കിന്റെ ഫോട്ടോകളും വിവരണവുമായി ഒരു പോസ്റ്റ് അടുത്തതായി ഇട്ടു. അതൊരു വഴിത്തിരിവ് തന്നെയായിരുന്നു. ദുബായിയിലെ പല അറിയപ്പെടുന്ന ബ്ലോഗര്‍മാരും അതില്‍ കമന്റിട്ടു. അങ്ങനെ പലരേയും പരിചയപ്പെട്ടു.


തൊട്ടടുത്ത ഒരു ദിവസംതന്നെ കൊടകരപുരാണം പുസ്തകപ്രകാശനച്ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്നു. ആരെയും പരിചയമില്ല. തമനുവിനെ മാത്രം ഏകദേശം അറിയാം. കൂട്ടിനുപോകാന്‍ കൊടകരക്കാരന്‍ ഒരു പയ്യന്‍ സുനിലിനേയും കൂടെകൂട്ടി. ആളൊരു ബ്ലോഗ് വിരോധി. ഓര്‍ക്കുട്ട് ആരാധകന്‍. എന്നെ അവിടെകൊണ്ടുവിട്ട്, വിശാലേട്ടനെ പരിചയപ്പെടുത്തിയിട്ട് ആള്‍ സ്ഥലം വിട്ടു. കാലത്തിന്റെ ഒരു കളിയേ... ഈ ബ്ലോഗ് വിരോധിയായ സുനിലാണ് പിന്നീട് സഹയാത്രികനായി ഇവിടെയെത്തി ആഴ്ചകള്‍ക്കകം വന്‍‌പുലിയായി മാറിയ നമ്മുടെ സഹയാത്രികന്‍.


കൊടകര പുസ്തകപ്രകാശനത്തില്‍ വച്ച് പലരേയും നേരില്‍ കണ്ടു. അഗ്രജന്‍, കുറുമാന്‍, കൈപ്പള്ളി, തറവാടി, സുല്ല്. അഭിലാഷ്, വല്യമ്മായി, കരീം മാഷ്, പൊതുവാള്‍, ഇടിവാള്‍, കൈതമുള്ള്, രാമേട്ടന്‍, കുഴൂര്‍ വിത്സന്‍, ദില്‍ബാസുരന്‍ .... എല്ലാവരുടേയും പേരുപോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല. കുറേ പരിചയങ്ങള്‍ അടുത്ത സൌഹൃദങ്ങളായി വളര്‍ന്നു. അപ്പൂന്റെ ലോകത്തില്‍ ഫോട്ടോപോസ്റ്റുകള്‍ വീണ്ടും പലതിട്ടു, ഇടയ്ക്കൊക്കെ ഫോട്ടോ ഫീച്ചറുകളും - ദുബായ് ക്രീക്കും, ദുബായിലെ മീഞ്ചന്തയും, ഈന്തപ്പനയുടെ കഥയും, ദുബായിയിലെ വാകപ്പൂക്കളും, ദുബായ് എയര്‍ഷോയും , റെഡ് ആരോസും തുടങ്ങി പാലക്കാട്ടെ പാടവരമ്പും, കൃഷ്ടപുരം കൊട്ടാരവും അതിലെ മ്യൂസിയവും വരെ ഫോട്ടോപോസ്റ്റുകളായി അവതരിപ്പിച്ചപ്പോള്‍ ദുബായിയിലെ ബൂലോകര്‍ മാത്രമല്ല, വെളിയിലുള്ളവര്‍പോലും അതെല്ലാം ആസ്വദിച്ചു. പലപോസ്റ്റുകളുടെയും പിന്നില്‍ കുറേ അധ്വാനം വേണ്ടിവന്നുവെങ്കിലും അഭിനന്ദനങ്ങള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്തു. ഇവയില്‍ ചിലതൊക്കെ മലയാളം വിക്കിപീഡിയയിലേക്ക് ചേര്‍ക്കുകയും ചെയ്തു.


കഥകള്‍ വായിക്കാന്‍ ഇഷ്ടമുണ്ടായിരുന്ന എനിക്ക് ഇത്തിരിവെട്ടം റഷീദിന്റെ കഥകളായിരുന്നു പ്രിയം. കണ്ണുനീരിന്റെ നനവുള്ള കഥകള്‍. ഈ കഥകളെപ്പറ്റി സംസാരിക്കാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്ന പതിവ് എപ്പോഴോ തുടങ്ങീ. അങ്ങനെയിരിക്കെ ഒരു നടന്ന സംഭവം റഷീദിനോട് വിവരിക്കുമ്പോള്‍ “ഇതൊരു കഥയാക്കി നിങ്ങള്‍ക്കുതന്നെ പോസ്റ്റ് ചെയ്തുകൂടേ” എന്ന് റഷിദ് ചോദിച്ചു. അങ്ങനെ ഇന്നേവരെ കൈവച്ചിട്ടില്ലാത്ത കഥാരചനയ്ക്ക് ഞാനൊരുമ്പെട്ടു. “കടമകളുടെ കണക്കുപുസ്തകം” എന്ന എന്റെ ആദ്യത്തെ കഥ അങ്ങനെ ഞാന്‍ പബ്ലീഷ് ചെയ്തു , ഓര്‍മ്മച്ചെപ്പ് എന്ന ഈ ബ്ലോഗില്‍ കൂടെ. അപ്പോഴതാ “വിടരുന്നമൊട്ടുകളുടെ“ ഒരു സമ്മാനം - നല്ല കഥയ്ക്ക്. രണ്ടു പുസ്തകങ്ങള്‍. എനിക്കാദ്യമായി കിട്ടുന്ന ഒരു സമ്മാനം ഒരു രചനയ്ക്ക് - അതും ആദ്യ കഥയ്ക്കുതന്നെ. സന്തോഷത്തിനിനി എന്തുവേണം! നല്ലൊരു രചനാരീതി ഒട്ടും വശമില്ലാതിരുന്നിട്ടും ഓര്‍മ്മകളുടെ ചെപ്പുതുറക്കാനും, അതില്‍ ചിലതൊക്കെ എഴുതിവയ്ക്കാനും “ഓര്‍മ്മച്ചെപ്പ്“ എന്ന ഈ ബ്ലോഗ് ഉപകരിച്ചു.


അങ്ങനെയിരിക്കേയാണ് “ഉണങ്ങിയ ഐസ്“ എന്ന പേരില്‍ കെമിസ്ട്രി ലാബുമായി ബന്ധപ്പെട്ട ഒരു സചിത്ര പോസ്റ്റ് ഇട്ടത്. അതിനു ലഭിച്ച വന്‍ പ്രതികരണം സാങ്കേതിക കാര്യങ്ങള്‍ വായിക്കുന്നതില്‍ ബൂലോകരില്‍ പലര്‍ക്കുമുള്ള താല്പര്യം വ്യക്തമാക്കുന്നതായിരുന്നു. അത് എനിക്ക് വീണ്ടും ഉത്സാഹം പകര്‍ന്നു. അതിനുശേഷം കേരളത്തില്‍ മഴക്കാലം ആരംഭീച്ചപ്പോഴാണ് മഴയുടെ ശാസ്ത്രം ഫോട്ടോകളുടെ സഹായത്തോടെ ഖണ്ഡശയായി അവതരിപ്പിച്ചത്. ഇത്തരം ബ്ലോഗ് പോസ്റ്റില്‍ പബ്ലീഷ് ചെയ്യുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ധാരാളം വായന വേണ്ടിവന്നു എങ്കിലും അതൊക്കെയും പലകാര്യങ്ങളിലും എന്റെ പരിമിതമായ അറിവിന്റെ ചക്രവാളം വികസിപ്പിക്കുവാന്‍ ഒരുപാട് സഹായിച്ചു. പിന്നീട് ഇത്തരം ശാസ്ത്രസംബന്ധിയായ വിഷയങ്ങളെ “ശാസ്ത്രകൌതുകം” എന്ന പ്രത്യേകം ബ്ലോഗിലേക്ക് മാറ്റുകയും ചെയ്തു.


2007 ഓഗസ്റ്റില്‍ ഓണക്കാലമായപ്പോള്‍, കുട്ടിക്കവിത എന്നൊരു പുതിയ മേഖലയിലേക്ക് വളരെ യാദൃശ്ചികമായാണ് കടക്കാനിടയായത്. ഡല്‍ഹിയില്‍നിന്നും മഴത്തുള്ളീ എന്ന മാത്യുമാഷ് ഗൂഗിള്‍ചാറ്റ് വിന്റോയില്‍ കുറിച്ചിട്ട “ഓണംവന്നോണംവന്നോണംവന്നേ, മലയാളക്കരയിലിന്നോണംവന്നേ” എന്ന രണ്ടുവരിയുടെ ചുവടുപിടിച്ച് ബാക്കി എഴുതിച്ചേര്‍ത്തപ്പോള്‍ എന്റെ ആദ്യത്തെ കുട്ടിക്കവിത പിറന്നു. എന്നെക്കൊണ്ട് ഒരിക്കലും സാധിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്ന ഒരു പുതിയ മേഖല. “ഊഞ്ഞാല്‍” എന്ന പേരില്‍ ബ്ലോഗ് തുടങ്ങി അതവിടെയിട്ടു. ഓണംവന്നേ എന്ന ആ കവിത ബോംബെ മലയാളിസമാജത്തിന്റെ ഓണാഘോഷവേളയില്‍ കുട്ടികള്‍ക്കുള്ള കവിതാപാരായണത്തില്‍ ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ അഞ്ചുവയസുകാരി ഐശ്വര്യ (ഐശ്വര്യക്കുട്ടിയുടെ പാട്ട് ഇവിടെയുണ്ട്) അവതരിപ്പിച്ച് ഒന്നാംസമ്മാനം നേടിയത് എനിക്ക് അതിലേറെ കൌതുകമായി. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും ചെയ്യുന്നതുപോലെ ഫ്രെയിമുകളായി നന്നാലു വരികള്‍ കുറിച്ചിട്ട് പിന്നെയും ഊഞ്ഞാലില്‍ കുറെയെന്തൊക്കെയോ എഴുതി. ഇതിലെ പലകവിതകളും ഞാനാവശ്യപ്പെടാതെതന്നെ പാടി പോസ്റ്റു ചെയ്ത ബ്ലോഗിലൂടെ എനിക്കുകിട്ടിയ എന്റെ നാട്ടുകാരനായ സുഹൃത്ത് മനോജിനോടും അദ്ദേഹത്തിന്റെ പത്നി രേണുവിനോടും എനിക്കു വളരെ നന്ദിയുണ്ട്.


ഏറ്റവും അവസാനമായി ഫോട്ടോഗ്രാഫിയുടെ പിന്നിലെ കൌതുകങ്ങള്‍ എന്നാലാവും വിധം അവതരിപ്പിക്കാന്‍ ശ്രമിച്ച് കാഴ്കയ്ക്കിപ്പുറം എന്ന ബ്ലോഗും തുടങ്ങി. ഇതുകൂടാതെ “മഷിത്തണ്ടിലും“ “സ്നേഹസംഗമത്തിലും” ഗസ്റ്റ് റോളുകളും.


ഒരു വര്‍ഷത്തിനുശേഷം പുറകോട്ടു നോക്കുമ്പോള്‍ എനിക്ക് നിറഞ്ഞ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്. നൂറിലേറെ പോസ്റ്റുകള്‍. പോസ്റ്റുകളുടെ എണ്ണത്തിലും കമന്റിലുമല്ല - എനിക്ക് ഇതിലൂടെ കിട്ടിയ സുഹൃത്തുക്കള്‍ - അവരാണ് ബ്ലോഗിലൂടെ എനിക്കു കിട്ടിയ ഏറ്റവും വലിയ നേട്ടം എന്നു ഞാന്‍ കരുതുന്നു. അതോടോപ്പം ഞാനെന്തെകിലുമൊക്കെ കുത്തിക്കുറിക്കുമ്പോഴും, ഫോട്ടോഎടുത്ത് അത് ബ്ലോഗിലൂടെ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്ന പ്രിയപ്പെട്ട ബ്ലോഗര്‍മാരെല്ലാവരും എനിക്കു പ്രിയപ്പെട്ടവര്‍തന്നെ. ഇടയ്ക്കൊക്കെ വഴക്കും, കുശുമ്പും, തമ്മില്‍ക്കുത്തും ഒക്കെ ഉണ്ടെങ്കിലും ഞാനീ ബൂലോകം ഇഷ്ടപ്പെടുന്നു. സമയമുള്ളപ്പോഴൊക്കെ അവിടെ വരാനും, വായിക്കാനും, അഭിപ്രായം പറയാനും ആഗ്രഹമുണ്ട്.


ഒരു വര്‍ഷത്തെ ബൂലോകവുമായ പരിചയത്തില്‍നിന്നും പുതിയവരോട് ഒരു വാക്ക് പറയട്ടെ. തുടക്കത്തില്‍ നിങ്ങള്‍ക്ക് കമന്റുകളില്ല എന്നു കരുതി നിരാശപ്പെടേണ്ടതില്ല. എനിക്കും അതേ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. പോസ്റ്റിനു വേണ്ടി ഒരു പോസ്റ്റുണ്ടാക്കാതെ നിങ്ങള്‍ ചെയ്യുന്ന പോസ്റ്റ് നന്നായി ചെയ്യുക. അതില്‍ ഒരു കാമ്പുണ്ടെങ്കില്‍ തീര്‍ച്ചയായും വായനക്കാ‍രുണ്ടാവും. പബ്ലീഷ് ചെയ്യുന്ന പോസ്റ്റുകള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുക. അല്‍പ്പം Quality Assurance സ്വയം ചെയ്യുക!


നന്ദി പറയാന്‍ ഒരുപാടുപേരുണ്ട്. ഞാന്‍ ബൂലോകത്തെക്ക് വന്നതിലും എന്നെ ഇവിടേക്ക് എത്തിച്ചതിലും ജിജിയോട് എനിക്കു നന്ദിയുണ്ട്. പക്ഷേ അദ്ദേഹത്തിനാണ് ഇതിലേറ്റവും നഷ്ടവും ഉള്ളത് - ഞാനിപ്പോള്‍ മെയിലുകള്‍ അയക്കാറേയില്ല! ബ്ലോഗു വായിച്ചുകഴിഞ്ഞു നേരമുണ്ടെങ്കിലല്ലേ മെയില്‍ അയയ്ക്കാന്‍ പറ്റൂ? തമനൂനും, സുല്ലിനും അഗ്രജനും പ്രത്യേകനന്ദി ബ്ലോഗിംഗിന്റെ പല ടെക്നിക്കല്‍ കാര്യങ്ങളും എന്നെ പലപ്പോഴായി പഠിപ്പിച്ചതിന് (കുരുട്ടുവിദ്യകളുള്‍പ്പടെ!). തിരക്കുകള്‍ക്കിടയിലും എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ സന്തോഷത്തോടെ പറഞ്ഞുതരുന്ന ദേവേട്ടനും കൈപ്പള്ളിക്കും നന്ദി. എന്റെ ബ്ലോഗ്ഗ് തലക്കെട്ടുകള്‍ മനോഹരമായി ചെയ്തുതന്ന സഹയാത്രികനും, സുമേഷ് ചന്ദ്രനും നന്ദി. ബൂലോകവുമായി ബന്ധപ്പെട്ട മറ്റൊരാള്‍ കൂടി ഈ ലിസ്റ്റില്‍ പറയാനുണ്ട്. വെറും ഒരു എലിയായ എന്നെ പതിനൊന്നാമത് പുലിയായി കേരള ഹ.ഹ.ഹാ...യില്‍ വരച്ചുചേര്‍ത്ത നമ്മുടെ പ്രിയ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍. ഈ കാരിക്കേച്ചറിന് ഒരുപാടു നന്ദി സജീവേട്ടാ.


ഇനിയും നന്ദി പറയേണ്ടവര്‍ തീര്‍ന്നിട്ടില്ല - കൊച്ചുകൊച്ചു കഴിവുകള്‍ തന്നനുഗ്രഹിച്ച ദൈവത്തിന്, ഇങ്ങനെയൌരു സൌജന്യ സേവനം തരുന്ന ഗൂഗുളിന്, മലയാളം യൂണിക്കോഡിനും, മലയാളം റ്റൈപ്പിംഗ് സൊഫ്റ്റ് വെയറുകള്‍ക്കും പിന്നില അധ്വാനിച്ചവര്‍ക്ക്, എന്റെ ബ്ലോഗ് പേരിനോടൊപ്പം “അപ്പുഅപ്പ“ എന്നു ചേര്‍ത്ത് വിളിച്ച് എന്നെ കളീയാക്കുന്ന ഉണ്ണിമോള്‍ക്കും മനുക്കുട്ടനും, ഞാന്‍ വീട്ടിലിരുന്നു ബ്ലോഗ് തുറന്നാല്‍ അതില്‍ പ്രതിഷേധിച്ച് മെഗാസീരിയലുകള്‍ ഒന്നൊഴിയാതെ കണ്ട് കണ്ണീരൊഴുക്കുന്ന എന്റെ പ്രിയ ഭാര്യയ്ക്ക്.... പിന്നെ അപ്പുവിനെ ഇതുവരെ പ്രോത്സാഹിപ്പിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി..നന്ദി...നന്ദി.


സ്നേഹപൂര്‍വ്വം
അപ്പു

===============
Updated in Sept. 2008

2008 ജൂണില്‍ ആദ്യാക്ഷരി എന്ന ബ്ലോഗ് ഹെല്പ്‌ലൈന്‍ ആരംഭിച്ചു. ആ കഥ ഇനി രണ്ടാം വാര്‍ഷികപോസ്റ്റില്‍ (ചില വായനക്കാര്‍ക്ക് അവിടെ എന്റെ പ്രൊഫൈല്‍ കണ്ട് ‘അതുതാനല്ലയോ ഇത്’ എന്ന് വര്‍ണ്യത്തിലൊരാശങ്ക ഉണ്ടായതിനാലാണ് ഈ അപ്‌ഡേറ്റ്!)

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP