കടലാസ്സു നക്ഷത്രം

>> Monday, December 17, 2007

മഞ്ഞും, കുളിരും, തണുപ്പും, പ്രഭതൂകുന്ന നക്ഷത്രവിളക്കുകളും, പുല്‍ക്കൂടും അതില്‍ കിടക്കുന്ന ലാളിത്യത്തിന്റെ പ്രതിരൂപമായ ഉണ്ണിയേശുവും, മാലാഖമാരും, ആട്ടിടയന്മാരുമൊക്കെ നമ്മുടെ മനസ്സിലേക്ക്‌ വീണ്ടുംവിരുന്നിനെത്തുന്ന ക്രിസ്മസ്‌ ഒരിക്കല്‍ക്കൂടി സമാഗതമായിരിക്കുന്നു. ഡിസംബര്‍മാസം ഇപ്രകാരം മനസ്സിനേകുന്ന കുളിരുതന്നെയാവാം, അതിനെ എനിക്കേറ്റവും പ്രിയപ്പെട്ടമാസമാക്കിമാറ്റിയത്‌. പണ്ട്‌ നാട്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍, വീടിനുമുമ്പിലെ മരക്കൊമ്പില്‍ തൂക്കിയ ഒരു ചുവന്ന നക്ഷത്രവിളക്കിനുതാഴെ ആ കുളിര്‍കാറ്റുമേറ്റ്‌, അകലെയെങ്ങോ കേള്‍ക്കുന്ന കരോള്‍പാട്ടുകാരുടെ ഗാനങ്ങള്‍ക്കു കാതോര്‍ത്ത്‌ ക്രിസ്മസ്‌ ചിന്തകളുമായി നില്‍ക്കുന്ന കൊച്ചുപയ്യന്റെ ആ "ഫീല്‍" നല്‍കാന്‍ ഇന്ന് ഏറ്റവും വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു ആധുനികനഗരത്തിലെ ക്രിസ്മസിന്‌ ആവുന്നില്ലെങ്കില്‍ക്കൂടി, ഈ മാസം ഇന്നും എനിക്കു പ്രിയപ്പെട്ടതുതന്നെ.


അന്നൊക്കെ (പത്തുമുപ്പതു വര്‍ഷം മുമ്പ്‌) കേരളത്തിലെ കാലാവസ്ഥയില്‍, നവംബര്‍മാസം ആകുന്നതോടുകൂടി ആകാശം തെളിഞ്ഞ്‌ മേഘങ്ങളൊന്നുമില്ലാതെ വളരെ നിര്‍മ്മലമായി കാണപ്പെട്ടിരുന്നു. രാവിലെതന്നെ ഇളംതണുപ്പും. അതോടെ ഡിസംബറിനേയും ക്രിസ്മസിനേയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളായി. വീടുകളില്‍ വൈദ്യുതി എത്തുന്നതിനുമുമ്പ്‌ ഈറകൊണ്ട്‌ ഒരു നക്ഷത്രത്തിന്റെ ചട്ടക്കൂട്‌ ഉണ്ടാക്കി അതില്‍ വര്‍ണ്ണക്കടലാസുകള്‍ ഒട്ടിച്ചായിരുന്നു ക്രിസ്മസ്‌ നക്ഷത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്‌. ഈ നക്ഷത്രത്തിനുള്ളില്‍ ഒരു ചിരട്ടയില്‍ മെഴുകുതിരി ഒട്ടിച്ചു നിര്‍ത്തിയാണ്‌ രാത്രിയില്‍ നക്ഷത്രം പ്രകാശിപ്പിക്കുക. വീടിനു പരിസരത്തുള്ള കുട്ടികളില്‍ മുതിര്‍ന്നത്‌ ഞാനായിരുന്നതിനാല്‍, ഈ നക്ഷത്രമൊട്ടിക്കല്‍ പരിപാടിയുടെ ചുമതല പലപ്പോഴും എനിക്കായിരുന്നു കിട്ടിയിരുന്നത്‌.

അതൊരു ചടങ്ങായിരുന്നു. അല്‍വീട്ടിലെ കുട്ടികളൊക്കെ പലകളറുകളിലുള്ള വര്‍ണ്ണക്കടലാസ്സുകളും, കഴിഞ്ഞവര്‍ഷത്തെ നക്ഷത്രത്തിന്റെ ചട്ടക്കൂടുമായി വരും. ഒരു ചെറിയ നക്ഷത്രത്തിന്‌ നാലുഷീറ്റ്‌ വര്‍ണ്ണപ്പേപ്പറായിരുന്നു വേണ്ടത്‌. അത്‌ നാലുകളറില്‍ത്തന്നെ കുട്ടികള്‍ വാങ്ങിക്കൊണ്ടുവരും. അതിനുശേഷം പശയുണ്ടാക്കലാണ്‌ അടുത്ത സ്റ്റെപ്പ്‌. അതിനായി പറമ്പില്‍നിന്നും ഒരു കപ്പക്കിഴങ്ങ്‌ (മരച്ചീനി) മാന്തിയെടുത്ത്‌, അത്‌ ഒരു കല്ലിലോ അരകല്ലിലോ അരയ്ക്കും. അത്‌ ഒരല്‍പ്പം വെള്ളത്തില്‍ കലക്കി, ഈ വെള്ളം അടുപ്പില്‍വച്ചു പാല്‍ കാച്ചിക്കുറുക്കുന്നതുപോലെ കുറുക്കിയെടുക്കണം. ഒന്നു തിളച്ചുകഴിഞ്ഞാല്‍ പശറെഡി. പിന്നെ പേപ്പറുകള്‍ ഓരോ വശത്തിനും ചേരുന്ന രീതിയില്‍ വെട്ടി ഒട്ടിച്ച്‌, നക്ഷത്രത്തിന്റെ അഞ്ചുമൂലകളിലും ഓരോ കിന്നരിയും വച്ചുകഴിഞ്ഞാല്‍ നക്ഷത്രവും റെഡിയായി. കൂടുതല്‍ ഭംഗിക്കായി, വെള്ളപ്പേപ്പര്‍ ചെറിയ റേന്തപോലെ മുറിച്ചു ഓരോ അരികുകളിലും പിടിപ്പിച്ചിരുന്നു.

ഡിസംബര്‍ ഒന്നിനു തന്നെ കഴിവതും നക്ഷത്രവിളക്കുകള്‍ എല്ലാവീട്ടിലും തൂക്കും. സന്ധ്യയായാല്‍ നക്ഷത്രത്തിനുള്ളില്‍ മെഴുകുതിരി കത്തിച്ച്‌ വയ്ക്കും. ടീവിയും മെഗാ സീരിയലുകളുമൊന്നും ഇല്ലാത്ത കാലം. അതിനാല്‍ അന്നൊക്കെ സന്ധ്യാപ്രാര്‍ത്ഥനയ്കുശേഷം, കുറേനേരം അന്നന്നു പഠിപ്പിച്ച പാഠങ്ങള്‍ വായിച്ചുപഠിക്കുന്ന ശീലം ഉണ്ടായിരുന്നു (ഇപ്പോഴത്തെകുട്ടികള്‍ക്ക്‌ അതില്ല എന്നല്ല!). ഈ വായനയ്ക്കിടക്കൊക്കെ ഒന്നു മുറ്റത്തേക്കിറങ്ങും. ഇരുളില്‍ മങ്ങിയവെളിച്ചത്തോടെ കത്തിനില്‍ക്കുന്ന നക്ഷത്രത്തെ കുറച്ചു നേരം സന്തോഷത്തോടെ നോക്കിനില്‍ക്കും. അപ്പോള്‍ അതിനും മേലെയായി ആകാശത്ത് ലക്ഷക്കണക്കിനു നക്ഷത്രങ്ങള്‍ പൂക്കള്‍വാരിയെറിഞ്ഞപോലെ പൂത്തിരികത്തിക്കുന്നുണ്ടാവും!

എണ്‍പതുകളിലെ ഏതോ ഒരു ഡിസംബറില്‍ നടന്ന ഒരു സംഭവം ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു. ഞങ്ങളുടെ വീട്ടില്‍നിന്നും അല്പം അകലെയായി, ഞങ്ങളുടെ ബന്ധുവായ ഒരമ്മയും മകളും താമസിക്കുന്നുണ്ടായിരുന്നു. അന്ന് അവര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. ആവര്‍ഷം ക്രിസ്മസ്‌ എത്തിയപ്പോള്‍ അവിടുത്തെ ചേച്ചി എന്നോടു പറഞ്ഞു, "മോനെ, ഞങ്ങളുടെ വീട്ടിലും ഒരു ഈറ്റകൊണ്ടുള്ള സ്റ്റാറിന്റെ ചട്ടം ഇരിക്കുന്നുണ്ട്‌. അതൊന്നു ഒട്ടിച്ചുതരാമോ" എന്ന്. ചെയ്തുകൊടുക്കാം എന്നേറ്റിട്ട്‌, ആ നക്ഷത്രവുമായി ഞാന്‍ വീട്ടിലേക്ക്‌ പോരുകയും ചെയ്തു. കളര്‍പേപ്പര്‍ വങ്ങാന്‍ രണ്ടു രൂപ ചിലവാക്കാന്‍ ആ അമ്മയ്ക്കു ബുദ്ധിമുട്ടുണ്ടാവും എന്ന് നന്നായി അറിയാമായിരുന്നതിനാല്‍ ഞാനത്‌ ചോദിക്കാനും പോയില്ല. പക്ഷേ, അക്കാലത്ത് എനിക്ക് പോക്കറ്റ്മണിഒന്നും ഇല്ലായിരുന്നു. അതിനാല്‍ അവര്‍ക്കായി നാലുഷീറ്റ് പേപ്പര്‍വാങ്ങാനും എനിക്കാവുമായിരുന്നില്ല. ആലോചിച്ചപ്പോള്‍ ഒരു വഴിതോന്നി.

അന്നൊക്കെ ബുക്ക് സ്റ്റോറുകളീൽ നിന്ന് നോട്ടീസ് പേപ്പർ എന്നൊരിനം പേപ്പറുകൾ വാങ്ങാൻ കിട്ടുമായിരുന്നു നോട്ടീസ് അച്ചടിക്കാനുപയോഗിക്കുന്ന മങ്ങിയ നിറമുള്ള ഈ പേപ്പറുകൾ വെള്ള പേപ്പറുകളെക്കാൾ വിലകുറഞ്ഞവയായിരുന്നു, നോട്ടുകൾ എഴുതിപ്പഠിക്കാനായി ഈ പേപ്പറുകൾ ഞാൻ വാങ്ങാറുണ്ടായിരുന്നു. അങ്ങനെ ശേഖരിച്ചവയില്‍നിന്നും ഇളം പിങ്കുനിറത്തിലുള്ള കുറേപേപ്പറുകള്‍ എടുത്ത്‌  ആ നക്ഷത്രവിളക്കിലേക്ക്‌ ഒട്ടിച്ചുചേര്‍ത്തു. ഒട്ടിച്ചുകഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ എനിക്കുതന്നെ തോന്നി, നല്ല വര്‍ണശബളമായ നക്ഷത്രവിളക്കിനു പകരം ആകെ നരച്ച ഒരു നക്ഷത്രം. ഏതായാലും, അതുകൊണ്ടുപോയി ആ ചേച്ചിയെ ഏല്‍പ്പിച്ചു. ഒരു നക്ഷത്രവിളക്കും ഇല്ലാതിരുന്ന ആ കൊച്ചുവീട്ടിന്റെ വരാന്തയിലും അങ്ങനെ ഒരു നക്ഷത്രവിളക്കായി!!

രണ്ടുദിവസത്തിനു ശേഷം, പള്ളിയില്‍നിന്നും കരോള്‍ഗാനസംഘം ഞങ്ങളുടെ ഏരിയയിലേക്ക്‌ വരവായി. അങ്ങനെവരുന്ന അവസരങ്ങളില്‍ ഞങ്ങള്‍ കുട്ടികളെല്ലാവരും സംഘമായി അടുത്തുള്ള വീടുകളിലേക്ക്‌ അവരോടൊപ്പം പോകും. സമയം രാത്രി ഒന്‍പതുകഴിഞ്ഞിരിക്കുന്നു. കരോള്‍ സംഘംവീടുകളിനിന്നു വീടുകളിലേക്ക്‌ നീങ്ങുകയാണ്‌. അങ്ങനെ ഞങ്ങള്‍ ആ അമ്മയും ചേച്ചിയും താമസിക്കുന്ന, ചെറിയകുന്നിന്‍‌മുകളിലെ വീട്ടിലും എത്തി. എനിക്ക്‌ ഒരുനിമിഷത്തേക്ക്‌ എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പകല്‍വെളിച്ചത്തില്‍ നരച്ചുകാണപ്പെട്ട ആ നക്ഷത്രം അതാ അകത്തുവച്ച മെഴുകുതിരിയുടെ ഇളംവെളിച്ചത്തില്‍ നല്ല ചുമന്നനിറത്തില്‍ ആ കൊച്ചുവീടിന്റെ മുന്നിലുള്ള ഒരു നെല്ലിമരത്തിന്റെ താഴത്തെക്കൊമ്പില്‍ തൂങ്ങുന്നു!   അതിനു താഴെ കരോള്‍പാട്ടുകാരെ സ്വീകരിക്കാനായി അതിലും തെളിഞ്ഞമുഖത്തോടെ നില്‍ക്കുന്ന ആ അമ്മയും മകളും.

അവിടെനിന്നും പാട്ടുകഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ മനസ്സില്‍ എന്തോ ഒരു സന്തോഷം തോന്നി. ആ സന്തോഷം ഇന്നും എനിക്കനുഭവിക്കാന്‍ സാധിക്കുന്നുണ്ട്‌, ഈ മിന്നിത്തിളങ്ങുന്ന ദുബായ്‌ നഗരത്തില്‍ വീണ്ടുമൊരു ക്രിസ്മസ്‌ സീസണില്‍ നില്‍ക്കുമ്പോഴും!

എല്ലാവര്‍ക്കും ക്രിസ്മസ്‌ ആശംസകള്‍!

Read more...

  © Blogger template Autumn Leaves by Ourblogtemplates.com 2008

Back to TOP